ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. 4 കൊലപാതകക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ ‘ആവേശം’ സിനിമയിലെ ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു വീരാരാധന പങ്കുവയ്ക്കുന്നതു വ്യാപകമായി.കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇത്തരത്തിലൊരു റീൽ പുറത്തിറക്കിയത്. ഈ പാർട്ടിയിൽ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. ഇത്രയും ആളുകൾ കൂടിയതറിഞ്ഞ് പൊലീസും ഇവിടെ എത്തിയിരുന്നു.അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ സമീപകാലത്തു ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ പ്രധാന നേതാവിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു.