സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുല്‍ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നല്കി പെണ്‍കുട്ടി. കൃത്യസമയത്ത് സ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നത്. വിഷയത്തിൽ ഒരുവിധ ഒത്തുതീർപ്പിനുമില്ലെന്നും പിതാവ് വ്യക്തമാക്കി.
കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ പരാതി. പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ആരോപണം.കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തുവെന്ന് പിതാവ് ആരോപിച്ചു.സംഭവത്തില്‍ പ്രതിയായ രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്നും പരാതിയിലുണ്ട്. കേസെടുക്കാൻ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് മെയ് അഞ്ചാം തീയതിയാണ് ഇരുവരുടേയും വിവാഹം നടന്നത്. കഴിഞ്ഞ ദിവസം സൽക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കി. തുടര്‍ന്നാണ് രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്.


