ചലച്ചിത്ര അക്കാദമി മുന്‍ ചെയര്മാന് പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്താറില്ലെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല നിര്‍വഹിച്ചിരുന്ന പ്രേംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുകയാണെന്ന മുഖവുരയോടെയാണ് വിശദീകരണം.
സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുന്നുണ്ട്. അത് ഗവണ്മെന്റിന്റെയോ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണം എന്ന് ഞങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല. ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാല്‍ തന്നെ, സച്ചിദാനന്ദന് മാഷിന്റെ ആണെങ്കിലും പ്രേംകുമാറിന്റെ ആണെങ്കിലും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം ഈ സര്‍ക്കാരിനില്ല – അദ്ദേഹം വിശദമാക്കി.


