കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ വീട് തകര്‍ന്നവര്‍ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്.അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാന്‍ ഒരു നടപടിയുമില്ലാത്തതിനാല്‍ നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സിലിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന് വേണം, നഷ്ടപരിഹാരം ഈടാക്കി നല്‍കണം, വെടിക്കെട്ട് നിയന്ത്രിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സ്ഫോടനത്തിലൂടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. 15 വീടുകള്‍ പൂര്‍ണമായും 150ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. നാല് വീടുകള്‍ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തി വീട്ടുകാരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ നടപടികള്‍ ആലോചിക്കാന്‍ നഗരസഭ ഇന്ന് നാട്ടുകാരുടെ യോഗം വിളിച്ചിട്ടുണ്ട്. പകല്‍11. 30നാണ് യോഗം. വീടുകളുടെ അറ്റകുറ്റപ്പണി, നാശനഷ്ടം കണക്കാക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
സ്ഫോടനത്തെക്കുറിച്ച് മജിസ്ട്രീരിയല്‍ അന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീരയ്ക്കാകും അന്വേഷണ ചുമതല.
അതേസമയം, തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ മരിച്ച വിഷ്ണുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. സ്ഫോടനത്തില്‍ മരിച്ച ദിവാകരന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.


