കൊച്ചി: പരീക്ഷ എഴുതാന്‍ അനുമതി തേടി കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് അലന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ മൂന്നാം സെമസ്റ്റല്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മാത്രമാണു വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ അനുവദിക്കണം. വിദ്യാര്‍ഥിയെന്ന പരിഗണന നല്കി അനുമതി നല്‍കണമെന്നാണു അലന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിയില്‍ എന്‍ഐഎ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാകാര്യത്തില്‍ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് കാന്പസിലെ വിദ്യാര്‍ഥിയാണ് അലന്.
അതിനിടെ അലന് ഷുഹൈബ്, താഹ എന്നിവരുടെ റിമാന്‍ഡ് കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണു റിമാന്‍ഡ് കാലാവധി നീട്ടിയത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു.


