തിരുവനന്തപുരം: മതപ്രഭാഷകന് ഷെഫീഖ് അല്‍ ഖാസിമി തന്നെ പീഡിപ്പിച്ചുവെന്ന് 15കാരിയുടെ മൊഴി. ചൈല്‍ഡ് ലൈനും പൊലീസിനും പെണ്‍കുട്ടി സമാനമായ മൊഴി നല്കി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി അല്‍പ്പസമയത്തിനകം രേഖപ്പെടുത്തും. പ്രതി ഷെഫീഖ് അല്‍ ഖാസിമിയെ ഉടന്‍ പിടികൂടുമെന്ന് ഡി.ജി.പി അറിയിച്ചു.
പ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമി ദീര്‍ഘനാളായി ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മാതാവിനെ ഭയന്നാണ് താന്‍ ഇത് പുറത്തുപറയാത്തതെന്നും പെണ്‍കുട്ടി വനിതാ സി.ഐക്ക് നല്കിയ മൊഴിയില്‍ പറയുന്നു. വൈദ്യപരിശോധന നടത്തിയ ഡോക്ടറോടും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചു. ചൈല്‍ഡ് ലൈനിനും പൊലീസിനും സമാനമായ മൊഴിയാണ് പെണ്‍കുട്ടി നല്‍കിയതെന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി. അശോകന് പറഞ്ഞു. പ്രതി ഉടന്‍ വലയിലാകുമെന്ന് ഡി.ജി.പിയും പ്രതികരിച്ചു.
കേസില്‍ ഷെഫീഖ് കാസിമി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തനിക്കെതിരെ പരാതി നല്കിയ പള്ളി പ്രസിഡന്റ് സി.പി.എം പ്രവര്‍ത്തകനാണ്. എസ്.ഡി.പി.ഐ വേദികളില്‍ പ്രസംഗിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും കെട്ടിച്ചമച്ച കേസാണ് തനിക്കെതിരെയുള്ളതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.