തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയെന്ന കാര്യം സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. 408 നമ്പർ റൂമും തിരിച്ചറിഞ്ഞു. രാഹുൽ B R എന്ന രജിസ്റ്ററിലെ പേരും നിർണായക തെളിവെന്ന് എസ്ഐടി.
നിർണായക വിവരങ്ങൾ പലതും രാഹുലിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിജീവിതയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ രാഹുൽ ഒളിപ്പിച്ചിരിക്കുകയാണ്. ഇതെവിടെയാണെന്നും അറിയണം. എന്നാൽ രാഹുൽ ഒന്നും മിണ്ടാതിരിക്കുകയും നിസഹകരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മറുപടി നൽകാതെ കസ്റ്റഡി കാലാവധി തീർക്കാനാണ് രാഹുലിന്റെ നീക്കമെങ്കിലും നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ സംഘം കൂടുതൽ ദിവസം ആവശ്യപ്പെട്ടേക്കും. നിസഹകരണം തുടർന്നാൽ അത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്ന സാഹചര്യത്തിലാണിത്. കേസിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, കേസിൽ രാഹുലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 20 മിനിറ്റ് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്.


