തിരുവനന്തപുരം: കേരളത്തിൽ രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ 11 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. കിണർ വെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്കയേറുന്നുണ്ട്.