കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാപ്പകൽ കാറിൽ കയറ്റി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്. ചുള്ളിക്കാപറമ്പിലെ അക്ഷയ സെൻ്റർ നടത്തിപ്പുകാരനായ ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിനാണ് മർദനമേറ്റത്. തലയോട്ടിക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ ആബിദ് ആലിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലും പിന്നീട് എല്ലിക്കോട്ടിലെ വീട്ടിലും വെച്ച് തന്നെ ക്രൂരമായി മർദ്ദിച്ചതായി അബേദ് പറഞ്ഞു.


