കോഴിക്കോട്: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ തെക്കന്‍ കേരളത്തില്‍ നിഴലിച്ച ആശങ്ക അകന്നപ്പോള്‍ വടക്കന്‍ കേരളത്തില്‍ വീണ്ടും മഴ ശക്തി പ്രാപിച്ചു തുടങ്ങി. മലപ്പുറത്തും പാലക്കാടും വീണ്ടും ഉരുള്‍പൊട്ടി. നിലമ്പൂര്‍ ആഢ്യന്പാറയിലും മലമ്പുഴ അണക്കെട്ടിശന്റ വൃഷ്ടിപ്രദേശത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കോഴിക്കോട് തിരുവമ്പാടിയില്‍ മറിപ്പുഴപ്പാലം ഒലിച്ചുപോയി. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തിയിരിക്കുകയാണ്. മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ആനക്കല്ലിലാണ് ഉരുള്‍പൊട്ടിയത്. ആനക്കലിന് സമീപം എലിവാലിനും ഉരുള്‍പൊട്ടലുണ്ടായിരുന്നു. വീണ്ടും വൃഷ്ടി പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിരിക്കുകയാണ്.
മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 45 സെന്റിമീറ്ററാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ കല്‍പ്പാത്തി പുഴയില്‍ നീരൊഴുക്ക് കൂടിയിരിക്കുകയാണ്. തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വനമേഖലയായതിനാല്‍ ആളപായമില്ല. ഈ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയില്‍ ഉച്ചയ്ക്കു ശേഷം മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. കോഴിക്കോട് തിരുവമ്പാടിയിലെ താല്‍ക്കാലിക പാലമാണ് ഒലിച്ചു പോയത്.
അതേസമയം കണ്ണൂരിലും വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി വനമേഖലയിലാണ് വീണ്ടും ഉരുള്പൊട്ടലുഒണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് ഏഴാംകടവ് പ്രദേശത്ത് രണ്ടു നടപ്പാലങ്ങള്‍ ഒലിച്ചുപോയി.