കൊച്ചി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി പറയപ്പെടുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് ആളുകൾ മരണപ്പെട്ടത് ഒരു മുന്നറിയിപ്പാണ്. എന്നാൽ ശുചിത്വ പട്ടികയിൽ 50-ാം സ്ഥാനത്തുള്ള കൊച്ചിയുടെ അവസ്ഥ അതിലും ഭയാനകമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നഗരത്തിലെ ജലാശയങ്ങളിൽ ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ വർധിച്ചിരിക്കുകയാണ് എന്ന ഏറ്റവും പുതിയ റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്.
കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തുവിട്ട കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ കൊച്ചി നഗരം നേരിടുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊച്ചിയിലെ ജലാശയങ്ങളിൽ ടോട്ടൽ കോളിഫോം , ഫീക്കൽ കോളിഫോം എന്നീ ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുന്നു.സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്ടീരിയകളുടെ പ്രധാന ഉറവിടം.


