പി വി അൻവറിന്റെ രാജിയോടെ നിലമ്പൂർ വീണ്ടും പോളിംഗ് ബൂത്തിലെത്തിയേക്കും. മത്സരിക്കാനില്ലെന്ന് പി വി അൻവർ വ്യക്തമാക്കിയതോടെ സ്ഥാനാർഥികളായി ആരൊക്കെ വരുമെന്ന ചർച്ചകളും മണ്ഡലത്തിൽ സജീവം. മണ്ഡലത്തിലെ സ്വാധീനം എത്രയെന്ന് തെളിയിക്കാൻ അൻവറിനും നിർണായകമാകും ഉപതിരഞ്ഞെടുപ്പ്.
നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷവും നാല് മാസവും ബാക്കിയുള്ളതിനാൽ ജനപ്രാതിനിധ്യനിയമമനുസരിച്ച് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്. എന്നാൽ കോവിഡ് കാലത്ത് കുട്ടനാടും ചവറയിലും ഒരു വർഷത്തിൽ കൂടുതൽ കാലാവധി ബാക്കിയുണ്ടായിട്ടും ഉപതിരഞ്ഞെടുപ്പ് നടക്കാതെ പോയ സംഭവങ്ങളുമുണ്ട്. ഏതായാലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാൽ മാസങ്ങൾക്കുള്ളിൽ രണ്ടാം വട്ടമാകും നിലമ്പൂർ പോളിംഗ് ബൂത്തിലെത്തുക.
വയനാട് ലോക്സഭമണ്ഡലത്തിന് കീഴിലുള്ള നിലമ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടേഴ്സ് പോളിംഗ് ബൂത്തിലെത്തി അധികകാലമായിട്ടില്ല. അൻവറിന് മുമ്പ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായിരുന്ന നിലമ്പൂരിൽ മകൻ ആര്യാടൻ ഷൗക്കത്തിനും ഡിസിസി അധ്യക്ഷൻ വി എസ് ജോയിക്കുമാണ് UDF ൽ മുൻതൂക്കം. ജോയിയെ പിന്തുണയ്ക്കുമെന്നാണ് അൻവറിന്റെ നിലപാട്. എന്നാൽ മുന്നണി തീരുമാനിക്കുമെന്നാണ് നേതാക്കളുടെ നിലപാട്.
മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടതുപാളയം വിട്ട അൻവറിന്റെ സ്വാധീനം എത്രയെന്ന് തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പ്. പി വി അൻവർ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് സിപിഐഎം. യുഡിഎഫ് നീക്കങ്ങളെ സിപിഐഎം നിരീക്ഷിക്കുന്നുണ്ട്. പാർട്ടി ചിഹ്നത്തിൽ സിപിഎം മത്സരിക്കാൻ തീരുമാനിച്ചാൽ നിലമ്പൂരുകാരനായ എം സ്വരാജ് ,സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിഎം ഷൗക്കത്ത് എന്നിവർക്കാകും പരിഗണന.