കൊട്ടാരക്കര: അപകടരമായ രീതിയില്‍ അയ്യപ്പ ഭക്തന്മാരെ കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അലങ്കരിച്ച ജീപ്പിന് മുകളില്‍ ബോക്സുകള്‍ കെട്ടിവച്ച് അതിനും മുകളിലായിരുന്നു ചിലരുടെ യാത്ര. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച വിഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം ആയൂര്‍ മുതല്‍ കൊട്ടാരക്കര വരെ ഗതാഗത തടസ്സമുണ്ടാക്കിയാണ് വാഹനം കടന്നുപോയത്. അതുവഴി പോയ മറ്റു വാഹനയാത്രക്കാര്‍ പൊലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചുവെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് വിഡിയോ വ്യാപകമായി പ്രചരിച്ചത്. ഇതോടെ കൊല്ലം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി.
വാഹനത്തിലുണ്ടായിരുന്നവര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണെന്ന് മനസിലായതോടെ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറ വഴി വാഹനത്തിന്റെ നമ്ബറെടുത്തു. ആറ്റിങ്ങലില്‍ രജിസ്റ്റര്‍ ചെയ്ത ജീപ്പ് പിടിച്ചെടുക്കുകയും മോട്ടോര്‍ വാഹന നിയമലംഘനത്തിനും മാര്‍ഗ തടസ്സമുണ്ടാക്കിയതിനും പൊലീസ് കേസെടുക്കുകയും ചെയ്തു. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ ഉച്ചഭാഷിണിയും അലങ്കാരവുമായുള്ള ശബരിമലയാത്ര പാടില്ലെന്ന നിര്‍ദ്ദേശം കര്‍ശനമായി തുടരുന്നെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും കൊല്ലം റൂറല്‍ എസ് പി ഹരിശങ്കര്‍ പറഞ്ഞു.


