തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ കുടുതൽ വിവരങ്ങൾ പുറത്ത്. വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തെന്നും കട്ടിളപ്പാളിയിലെ സ്വർണം കടത്തിയത് ബോർഡിന്റെ അറിവോടെയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യും. സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഹാജരാകാൻ ആവശ്യപ്പെട്ട് എ പത്മകുമാറിന് നോട്ടീസ് നൽകിയെങ്കിലും സാവകാശം തേടിയെന്നാണ് വിവരം.
വാസുവിന് ഗൂഢാലോചനയിൽ പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്താൻ നിർദേശം നൽകി. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാനുള്ള നടപടി സ്വീകരിച്ചതും വാസുവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്വർണം പൂശിയതെന്ന പരാമർശം അന്നത്തെ കമ്മീഷണറായിരുന്ന വാസു ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വർണക്കൊള്ള ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചനയാണെന്നും തങ്ങൾക്ക് അറിവില്ലെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി. ഇത് പൂർണമായും തള്ളുന്നതാണ് റിപ്പോർട്ട്.


