കോഴിക്കോട്: ‘വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തിൽ കലർത്തുക’– കൂടത്തായി കൊലപാതകങ്ങളുടെ പൊതുരീതി മുഖ്യപ്രതി ജോളി ജോസഫ് പൊലീസിനോട് വിശദീകരിച്ചതിങ്ങനെ. ആദ്യ ഭർത്താവ് റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയത്. അദ്ദേഹത്തോടൊപ്പം താൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.
ഇപ്പോഴത്തെ ഭർത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേർത്ത് നൽകിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റൽ ക്ലിനിക്കിൽ വച്ച് മരുന്നിൽ ചേർത്ത് സയനൈഡ് നൽകിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.


