സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവു നായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ മന്ത്രി എം.ബി. രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തില്‍ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജിത വാക്സിനേഷന് ഡ്രൈവ് നടത്താനും തീരുമാനമായി.
ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാകും വാക്സിനേഷന് ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികള്‍ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്ഞം തുടങ്ങും. കൂടുതല്‍ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയില്‍ നിന്നും കൊവിഡ് കാല വോളന്റിയര്‍മാരില്‍ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നല്കി വാക്സിനേഷന് ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം തന്നെ പരിശീലനം പൂര്‍ത്തിയാക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ചാകും വാക്സിനേഷന് ഡ്രൈവ് നടത്തുക. തെരുവുനായ്ക്കള്‍ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു.
ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് കൊണ്ടു വന്നാല്‍ 500 രൂപ പാരിതോഷികം നല്‍കും. തെരുവു നായ്ക്കള്‍ക്ക് ഓറല്‍ വാക്സിനേഷന് നല്‍കാനുള്ള സാധ്യതയും പരിശോധിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി 6 ലക്ഷം ഡോസ് ഇപ്പോള്‍ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ദിവസം പതിനായിരം തെരുവുനായ്ക്കളെ വാക്സിനേഷന് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവു നായ്ക്കളെ പാര്‍പ്പിക്കാന്‍ പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വളര്‍ത്തു നായ്ക്കള്‍ക്കുള്ള വാക്സിനേഷന് ഒക്ടോബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കും. ആവശ്യമെങ്കില്‍ ഇതിനായി ക്യാമ്പുകള്‍ തുടങ്ങും.
നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പിലാക്കാന്‍ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു.
കൊവിഡിനെ നേരിട്ട പോലെ തന്നെ, ജനകീയ പങ്കാളിത്തത്തോടെ തെരുവുനായ ശല്യവും നേരിടണമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിനായി എംഎല്‍എമാരുടെ യോഗം ചേരും. നായ്ക്കളുടെ ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും.
ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. മഴയ്ക്ക് ശേഷം മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യും. ഇതിനായി കൊവിഡ് സന്നദ്ധ സേനയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


