രാജ്യത്ത് ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. അതിനാല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തില്‍ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പാസ് നിര്‍ബന്ധമാക്കി. നേരത്തെ പാസ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കണമെന്നും പാസില്ലാതെ സംസ്ഥാനത്തെത്തുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീന് വിധേയമാകണമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
റെയില്‍വേയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിന് വേണ്ടി കൊവിഡ്19 ജാഗ്രത പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. മുന്‍പ് അപേക്ഷിച്ചവര്‍ അത് റദ്ദാക്കി റെയില്‍ മാര്‍ഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനും സൗകര്യമുണ്ടാകും.ഒരേ ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടേയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്, എത്തേണ്ട സ്റ്റേഷന്, ട്രെയിന്‍ നമ്പര്‍, പി.എന്‍.ആര് നമ്പര്‍ എന്നിവ ‘കൊവിഡ്19 ജാഗ്രത’ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഇറങ്ങുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍ വഴി വിശദാംശങ്ങള്‍ പരിശോധിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കും.
രോഗലക്ഷണങ്ങളില്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ പ്രവേശിക്കണം. യാത്രക്കാരെ റെയില്‍വേസ്റ്റേഷനില്‍ നിന്ന് വീടുകളിലേയ്ക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും.ഇത്തരം വാഹനങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.