തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ രോഗി ദുബായിൽ നിന്നും തൃശ്ശൂരിലെ രോഗി ഖത്തറിൽ നിന്നും വന്നതാണ്. സംസ്ഥാനത്ത് 4180 പേര് നിരീക്ഷണത്തിലാണ്. 3910 പേര് വീടുകളിലും 270 പേര് ആശുപത്രിയിലും ആണ് . തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്.
സംസ്ഥാനം പ്രത്യേക സ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്. കാര്യങ്ങൾ എല്ലാം ശുഭമാണെന്ന് പറയാൻ കഴിയില്ല. ഭയപ്പാടല്ല മുൻകരുതലും പ്രതിരോധവും തന്നെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസരം വീട് വ്യക്തി ശുചീകരണം എന്നിവയിൽ പ്രത്യേക ശ്രദ്ധവേണം . തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധചെലുത്തണം. നിസ്സഹകരിക്കുന്നവരുടെ കാര്യത്തിൽ ഒറ്റപ്പെട്ട ദുരനുഭവങ്ങളുണ്ട്. അത്കര്‍ശനമായി നിയന്ത്രിക്കും. ചില കേന്ദ്രങ്ങളിൽ തെറ്റായ ഇടപെടലുകൾ ഉണ്ടാകുന്നു. ആലപ്പുഴയിലെ റിസോര്‍ട്ടിൽ താമസിക്കുന്നവരെ ഇറക്കിവിടാൻ ശ്രമിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങൾ ഉണ്ടായി. അത്തരം കാര്യങ്ങൾ ആവര്‍ത്തിക്കരുത്. പൊതുവായി ആശങ്കയുടെ സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് മാര്‍ച്ച് 31 വരെ പൊതുജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾ ഉപേക്ഷിക്കണം. സുരക്ഷാ മുൻകരുതൽ നടപടികളോട് സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.


