തിരുവനന്തപുരം: കോവിഡ് 19 കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തേയും പ്രതികൂലമായി ബാധിച്ചു. കെഎസ്ആര്‍ടിസി ബസുകളില്‍ 40 ശതമാനം യാത്രക്കാരുടെ കുറവുണ്ടായതായി അധികൃതര്‍ പറഞ്ഞു. ഇത് കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തെയും കാര്യമായി ബാധിച്ചു. രണ്ടരലക്ഷത്തോളം യാത്രക്കാരുടെ കുറവുണ്ടായ ചൊവ്വാഴ്ച മാത്രം കലക്ഷനില്‍ 44 ലക്ഷം രൂപയുടെ കുറവ്. കോവിഡ് ആശങ്ക ഏറ്റവും അധികം നിലനില്‍ക്കുന്ന സൗത്ത്, സെന്‍ട്രല്‍ സോണുകളിലാണ് ഏറെയും ആളുകള്‍ ബസ് യാത്ര ഒഴിവാക്കിയത്.
ദീര്‍ഘദൂര ബസുകളില്‍ സീറ്റ് റിസര്‍വ് ചെയ്യാന്‍ യാത്രക്കാരുടെ നീണ്ട ക്യൂ പതിവുള്ള തമ്ബാനൂര്‍ റിസര്‍വേഷന്‍ കൗണ്ടറില്‍ ഒരാള്‍പോലുമില്ല. സമാനമായ അവസ്ഥയാണ് ബസുകളിലും. ഒറ്റദിവസം മാത്രം രണ്ടരലക്ഷത്തോളം യാത്രക്കാരാണ് കുറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച 27 ലക്ഷം പേരായിരുന്നു യാത്രക്കാരെങ്കില് ഈ ചൊവ്വാഴ്ചയത് ഇരുപത്തിനാലര ലക്ഷമായി കുറഞ്ഞു. കോട്ടയം, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയില്‍ വരുമാനത്തില്‍ 19 ലക്ഷം രൂപയുടേയും വടക്കന്മേഖലയില് 15 ലക്ഷം രൂപയുടേയും കുറവുണ്ടായി. തെക്കന്‍ മേഖലയില്‍ പത്തുലക്ഷം രൂപയുടെ കുറവ് ഉണ്ടായി.
ചൊവ്വാഴ്ച 26,14,510 യാത്രക്കാരുണ്ടായിരുന്നിടത്ത് ബുധനാഴ്ച 23,18,673 ആയി. 2,95,837 യാത്രക്കാരുടെ കുറവാണുണ്ടായത്. ചൊവ്വാഴ്ച ലഭിച്ച വരുമാനം 5,65,75,793 രൂപ. ബുധനാഴ്ച ഇത് 5,03,16,876 ആയി കുറഞ്ഞു. 62,58,917 രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ആളില്ലാതായതോടെ ബംഗളൂരുവില്‍ നിന്നുളള നാലിലൊന്ന് സര്‍വീസുകളും റദ്ദാക്കി. കര്‍ണാടക ആര്‍ടിസിയുടെ ബുക്കിംഗിലും ഇടിവുണ്ട്.


