ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതിയുടെ ജാമ്യത്തിൽ വിശദാംശങ്ങൾ തേടി സുപ്രീംകോടതി. ജ്യോതി ബാബുവിന്റെ ജാമ്യ ഹരജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.
ജ്യോതി ബാബുവിന്റെ അസുഖം, ചികിത്സ എന്നിവയിലെ വിദശാംശങ്ങൾ അറിയിക്കണം.മോശം ആരോഗ്യ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയിരിക്കുന്നത്. ഒരാഴ്ചക്ക് അകം സംസ്ഥാന സർക്കാർ മറുപടി നൽകണം. സംസ്ഥാന സർക്കാരും, ഹരജിക്കാരും തമ്മിൽ ഒത്ത് കളിക്കുന്നുവെന്ന് കെ.കെ രമയുടെ അഭിഭാഷകൻ പറഞ്ഞു.
പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയിൽ നേരത്തെ ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു. പരോൾ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു. പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. എന്തുകൊണ്ടാണ് ടി.പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. പിതൃ സഹോദരന്റെ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്ത് ദിവസത്തെ പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. പ്രതിയുടെ ഭാര്യ പി.ജി സ്മിതയാണ് ഹരജി നൽകിയത്.


