പാലക്കാട് അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലില്‍ ചുമന്ന്. റോഡ് സൗകര്യമില്ലാത്തതിനാല്‍ അര്‍ധരാത്രിയില്‍ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകന് എന്ന യുവതിയെയാണ് ബന്ധുക്കള്‍ ചേര്‍ന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നത്. കടുകമണ്ണ ഊരിലാണ് സംഭവമുണ്ടായത്. റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ പ്രദേശത്ത് ആംബുലന്‍സ് എത്താന്‍ കഴിയുമായിരുന്നില്ല. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്കി.
കഴിഞ്ഞ തിങ്കളാഴ്ച യുവതി ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് ഡോക്ടര്‍മാര്‍ പ്രസവ തീയതി കുറിച്ചു നല്‍കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രി യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. പ്രദേശത്ത് ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടറായ പ്രിയയുടെ ഇടപെടലാണ് യുവതിയെ രക്ഷിച്ചത്. ഗര്‍ഭിണിയുടെ വിവരമറിഞ്ഞ ഹെല്‍ത് ഇന്‍സ്പെക്ടര്‍, പുലര്‍ച്ചെ രണ്ടുമണിയോടെ 108 ആംബുലന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ തന്നെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ ആംബുലന്‍സിനെയും ബന്ധപ്പെട്ടു. മൂന്നര കിലോമീറ്ററോളം ദൂരം തുണി മഞ്ചലില്‍ ചുമന്നാണ് യാത്രാ ദുരിതമുള്ള സ്ഥലത്ത് കൂടി ആംബുലന്‍സിന്റെ അടുത്തെത്തിയത്.
കടുകമണ്ണ ഊര് നിവാസികള്‍ക്ക് പുറം ലോകത്തേക്ക് എത്താന്‍ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടേയും അതിന് ശേഷം മൂന്നര കിലോമീറ്റര്‍ കാട്ടിലൂടേയും സഞ്ചരിക്കണം. രാത്രി ആനയിറങ്ങുന്ന സാഹചര്യമുള്ളതിനാല്‍ ഭീതിയോടെയാണ് ആളുകള്‍ ഇവിടെ കഴിയുന്നത്.
പ്രദേശത്തേക്ക് മെച്ചപ്പെട്ട റോഡ് സൗകര്യം ഇല്ലെന്നും വനത്തിനകത്തായതിനാല്‍ റോഡ് നിര്‍മ്മാണത്തിന് പരിമിധികള്‍ ഉണ്ടെന്നും എന്‍ ഷംസുദീന്‍ എംഎല്‍എ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ‘വിദൂര ഊരില്‍ നിന്നുള്ള യുവതികളെപോലും ഗര്‍ഭസമയത്ത് ആരോഗ്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എസ്ടി പ്രമോട്ടര്‍മാരെ ഉള്‍പ്പെടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രസവ വേദന വന്നാല്‍ മുന്‍കൂട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആകണമായിരുന്നു. അല്ലാതെ ആശുപത്രിയിലേക്ക് പോകുകയെന്നത് ബുദ്ധിമുട്ടാണ്. ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച്ച സംഭവിച്ചത്. സാധ്യമാവുന്നിടത്തേക്കെല്ലാം റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.’ എംഎല്‍എ വിശദീകരിച്ചു.