മൂവാറ്റുപുഴ: നവംബർ മൂന്നിന് കേന്ദ്ര-സംസ്ഥാന ജീവനക്കാർ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇതിന്റെ പ്രചരണാര്‍ത്ഥം
നടക്കുന്ന മേഖല വാഹന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, സംസ്ഥാനങ്ങളോടുള്ള കേന്ദ്ര വിവേചനം അവസാനിപ്പിക്കുക , തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
യോഗത്തിൽ സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ അധ്യക്ഷനായി. ജാഥ അംഗം കെജിഒഎ സംസ്ഥാന ട്രഷറർ പി വി ജിൻരാജ് , ജാഥ ക്യാപ്റ്റൻ എൻ ടി ശിവരാമൻ,എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി കെ എം മുനീർ, എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് കെ കെ ശാന്തമ്മ എന്നിവർ സംസാരിച്ചു.
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ഓർഗനൈസിംങ് സെക്രട്ടറി പി ബി സുധീഷ് വൈസ് ക്യാപ്റ്റനും കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് പ്രചരണജാഥയുടെ മാനേജരുമാണ്.


