കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി ഇന്ദോറില്‍നിന്നുള്ള വിദഗ്ദ്ധന് ശരത് ബി. സര്‍വാതെ കൊച്ചിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം ബെംഗളൂരു വഴിയുള്ള വിമാനത്തിലെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ്ഹൗസിലാണ് തങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ മരടിലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിക്കും.
രണ്ടു ദിവസം കൊണ്ട് കേരളത്തില്‍നിന്ന് നൂറുകണക്കിന് കോളുകളാണ് തനിക്കുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുകളും സമീപപ്രദേശങ്ങളും നേരില്‍ക്കാണാതെ കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയില്ല. ആദ്യമായാണ് കേരളത്തിലേക്ക് വരുന്നത്-സര്‍വാതെ പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് സര്‍വാതെയുമായി ചര്‍ച്ച നടത്തി. മരട് നഗരസഭയുടെ ചുമതലയുളള എം. മുഹമ്മദ് ആരിഫ് ഖാന് സര്‍വാതെയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
200-ഓളം വമ്ബന്‍ കെട്ടിടങ്ങള്‍ പൊളിച്ച് ഗിന്നസ് റെക്കോഡ് നേടിയിട്ടുള്ള അദ്ദേഹം, ഫ്ലാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച 11 അംഗ സാങ്കേതിക സമിതിയില്‍ 12-ാമനായാണ് സര്‍വാതെയെ നിയമിച്ചിരിക്കുന്നത്. നിയന്ത്രിത സ്ഫോടനം നേരിട്ടുനടത്തി പരിചയമുള്ള ഒരാള്‍ ഒപ്പമുണ്ടാകുന്നത് നല്ലതാണെന്ന് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
പൊളിക്കുന്നതിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള രണ്ടു കമ്ബനികളുടെ കാര്യത്തിലും വെള്ളിയാഴ്ച തീരുമാനമുണ്ടാകും. എഡിഫൈസ് എന്‍ജിനീയേഴ്സ്, വിജയ് സ്റ്റീല്‍സ് എന്നിവയാണ് ലിസ്റ്റിലുള്ളത്. ഇവരെ തീരുമാനിക്കുന്നതിലും സര്‍വാതെയുടെ അഭിപ്രായം തേടും. പൊളിക്കുന്ന ഏജന്‍സിക്ക് 11-ന് ഫ്ലാറ്റുകള്‍ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ ഫ്ലാറ്റുകളുടെ പൊളിക്കല്‍ രണ്ടു കമ്ബനികള്‍ക്കുമായി വീതിച്ചു നല്‍കിയേക്കും.