വയനാട് കൽപ്പറ്റ വെള്ളാരംകുന്നിലുണ്ടായ അപകടത്തിൽ ജെൻസൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഉരുൾപൊട്ടലിൽ ഉറ്റസുഹൃത്തുക്കളെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുതവരൻ ജെൻസണും സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ ജെൻസൻ അതീവ ഗുരുതരാവസ്ഥയിലാണ്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ജെൻസൻ. ശ്രുതിയെയും മറ്റ് കുടുംബാംഗങ്ങളെയും കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വാനിൻ്റെ മുൻവശം തകർന്നു. കാറിൻ്റെ ഒരുഭാഗം പൊളിച്ച് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തു.
ബസില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും തൊട്ടുപിന്നാലെയായിരുന്നു ദുരന്തം.ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്.


