മലപ്പുറം കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്.കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ യാത്രചെയ്യുന്നതിന് വിലക്കുണ്ട്.
മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴ ശക്തമായ ഈ പ്രദേശങ്ങളിലെ ചെറിയ തോടുകളിലൂടെയും പുഴകളിലൂടെയും വെള്ളം കുത്തൊഴുക്കോടെ ഒഴുകി വരാറുണ്ട്. സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. പുഴയിലൂടെ മരത്തടികളും മറ്റ് അവശിഷ്ടങ്ങളും ഒഴുകി വരുന്നുണ്ട്. ജോലിക്കും മറ്റുമായി പാലത്തിനപ്പുറത്തേക്ക് പോയവർക്ക് തിരിച്ചുവരാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.


