കഴിഞ്ഞ ദിവസം ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും നായ ദേഹത്ത് വീണ് മരിച്ച മൂന്ന് വയസുകാരിയുടെ കുംടുബം പൊലീസ് സംരക്ഷണം തേടി. നായയുടെ ഉടമ സോഹർ ഇസ്മായിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കുടുംബത്തിൻ്റെ ആവശ്യം. പ്രതി ഇസ്മയിലിൻ്റെ കുടുംബം സ്വാധീനമുളളവരാണെന്നും പ്രതികാരം ചെയ്യുമെന്ന് ഭയക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞയാഴ്ച അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ കെട്ടിടത്തിൻ്റെ ടെറസിൽ നിന്ന് നായ വീണ് മൂന്ന് വയസ്സുകാരി മരിച്ചിരുന്നു. താനെ ജില്ലയിലാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്നയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നായയെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയുടെ ഉടമ സോഹർ ഇസ്മായിൽ സയ്യിദിനെ (24) വ്യാഴാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു. സയ്യിദിനും മറ്റു മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുത്തു.


