സ്വര്‍ണക്കടത്തിന്റെ പേരില്‍ പ്രതിപക്ഷം ഇപ്പോള്‍ നടത്തിവരുന്ന സമരം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുകയും അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. യുഎഇ സര്‍ക്കാരും അവരുടെ തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നിട്ടും പുകമറ സൃഷ്ടിച്ച് സമരവുമായി തെരുവിലിറങ്ങുകയാണ് യുഡിഎഫും ബിജെപിയും.
കോവിഡ് പ്രതിരോധത്തില്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയത്താണ്, അതിനെയൊക്കെ നിര്വീര്യമാക്കുംവിധത്തിലുള്ള ഈ സമരങ്ങള്‍ എന്നത് കാണാതിരുന്നുകൂട. പ്രതിപക്ഷത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെടുന്നത് ഇവിടെയാണ്. സത്യം പുറത്തുവരണമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നുമുള്ള താത്പര്യം പ്രതിപക്ഷത്തിന് അശേഷമില്ല. അവരുടെ ചിന്ത അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ്. അത് ലക്ഷ്യമിട്ട് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും അതിലൂടെ അവരെ കോവിഡിന്റെ പിടിയിലേക്ക് തള്ളിയിടാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം ജനത്തിനുണ്ടെന്നത് അവര്‍ മറന്നുപോകുന്നു. ഈ കുത്സിത പ്രവൃത്തികള്‍ക്ക് ജനംതന്നെ യുക്തമായ മറുപടി നല്‍കുമെന്ന് ഉറപ്പുണ്ട്.
സര്‍ക്കാരിനെതിരെ ഇപ്പോള്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധമാണ്. അവരുടെ എല്ലാ സംശയങ്ങള്‍ക്കും മുഖ്യമന്ത്രി കൃത്യമായി ഉത്തരം നല്‍കിയിട്ടുളളതാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നമ്മുടെ സംസ്ഥാനത്തുണ്ടായിട്ടുളള എല്ലാ ക്രിമിനല്‍ കേസുകളിലും മുഖം നോക്കാതെയാണ് നടപടി എടുത്തിട്ടുളളതെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴും ഇതേ നയം തന്നെയാണ് സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ കൈവശമുള്ള കേസ് ഏത് ഏജന്‍സി തുടര്‍ന്ന് അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ആ അന്വേഷണം ഉണ്ടാവണമെന്നും അതിന് സംസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നുമാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചത്. അന്വേഷണം എന്‍.ഐ.എ ഏല്‍പ്പിക്കുകയും അവർ അന്വേഷണം ആരംംഭിക്കുകയും ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്ക് എന്ത് അര്‍ത്ഥമാണുള്ളത്. നമ്മള് ഒരു നിഗമനത്തിലും എത്താതെ അന്വഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ തയാറാവണം.
നാട്ടിലെ സാഹചര്യം നാം മനസിലാക്കണം. കോവിഡ് പ്രതിരോധ രംഗത്ത് കൂടതല്‍ ജാഗ്രത കട്ടേണ്ട സമയമാണിത്. സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ സൂപ്പര്‍ സ്പ്രെഡ് ആരംഭിച്ചുവെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും പ്രത്യേകിച്ച് മാധ്യമ പ്രവര്‍ത്തകരോടു അഭ്യര്ത്ഥിക്കൂവാനുളളത് നമ്മള് ഈ മഹാമാരിയെ ഏതു വിധേനയും ചെറുക്കാന്‍ നമ്മുടെ സമയം കൂടുതല്‍ വിനിയോഗിക്കണം എന്നാണ്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും ഈ സാഹചര്യത്തില്‍ എല്ലാവിധ പിന്തുണയും നല്‍കേണ്ടതുണ്ട്.


