കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില്‍ പെട്ട വന്യമൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് വളരെ പരിമിതമായ അധികാരമെ ഉള്ളൂ എന്ന് വ്യക്തമാക്കികൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് മറുപടി നല്കി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം, ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഏര്‍പ്പെടുത്തിയ അപ്രായോഗിക വ്യവസ്ഥകളിലും നടപടക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്തണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ചുകൊണ്ട് മന്ത്രിസഭായോഗ തീരുമാനപ്രകാരം ഇക്കഴിഞ്ഞ ജൂണ്‍ 6-ന് കേരളം അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയത്.
വന്യജീവി സംരക്ഷണ നിമയത്തിന്റെ വകുപ്പ് 11 (1) (എ) പ്രകാരം പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം ഉണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ഈ വകുപ്പിന്റെ രണ്ടും മൂന്നും ഖണ്ഡികയില്‍ (പ്രൊവൈസോ) പറഞ്ഞ നിബന്ധനകള്‍ പ്രകാരം ആക്രമണകാരികളായ വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടി വെയ്ക്കാനോ മറ്റ് സ്ഥലത്തേക്ക് മാറ്റാനോ സാധിക്കുന്നില്ലെങ്കില്‍ ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമെ ഈ അധികാരം ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ വകുപ്പിന്റെ വിശദീകരണ പ്രകാരം, പിടികൂടുന്ന അത്തരം വന്യമൃഗത്തിന് കാര്യമായ പരുക്ക് പറ്റാതിരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശ്രദ്ധിക്കണം. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പാലിച്ചു മാത്രമെ വന്യമൃഗത്തെ പിടികൂടുന്നതിനും ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രം അതിനെ കൊല്ലുന്നതിനും ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരമുള്ളൂ – കത്തില്‍ വ്യക്തമാക്കുന്നു.


