‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല’. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടര്‍ ലളിതമായി ജോലിയില്‍നിന്ന് വിരമിച്ചത്.കൂടാതെ ആരോഗ്യകാരണങ്ങളാൽ ആതുര സേവനത്തിൽ നിന്ന് ഇടവേളയെടുത്ത ഡോക്ടർ രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്.
ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കില്‍ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടര്‍ രൈരു ഗോപാല്‍ പരിശോധന നിര്‍ത്തി.തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ നന്മയുടെ മറു വാക്കെന്നാണ് ഡോക്ടർ രൈരു ഗോപാലിനെ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടുരൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്
നൻമയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാൽ.പുലർച്ചെ മുതൽ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികൾ. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ.
ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോ. രൈരു ഗോപാൽ.
അമ്പത് വർഷത്തോളമായി അദ്ദേഹം കണ്ണൂരുകാരുടെ പ്രിയപ്പെട്ട രണ്ടുരൂപ ഡോക്ടറായി ജീവിക്കുന്നു. തൻ്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നൽകുന്ന സന്ദേശം വളരെ വലുതാണ്. തനിക്ക് ആകുന്നത്രകാലം അദ്ദേഹം മനുഷ്യനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചു. ആരോഗ്യം അനുവദിക്കില്ലാത്തതിനാല്‍ ഇനി രണ്ടുരൂപാ ഡോക്ടറായി തുടരാനാകില്ലെന്ന ഡോ. രൈരുവിന്റെ വാക്കുകള്‍, അദ്ദേഹം ആശ്വാസം പകര്‍ന്ന എത്രയോ മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകും. എങ്കിലും കഴിയുന്നത്രകാലം അദ്ദേഹം അതു തുടര്‍ന്നുവെന്നതുതന്നെ എന്തൊരാശ്വാസകരമായ വാര്‍ത്തയാണ്.
ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാന്‍ ഇനിയും കരുത്തുണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു.
രൈരു ഡോക്ടറെ ഇന്ന് നേരില്‍ വിളിച്ച് സ്നേഹം പങ്കുവച്ചു.


