തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാനെന്ന് ഡോക്ടർമാരുടെ സംഘം. പരിശോധനാ റിപ്പോർട്ട് ജില്ലാ കലക്ടർക്കു കൈമാറും. മൂന്ന് ഡോക്ടർമാരാണ് ആനയെ പരിശോധിച്ചത്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ടി.വി. അനുപമ ആനയെ പൂര വിളംബരത്തിൽ പങ്കെടുപ്പിക്കണമോയെന്നു തീരുമാനിക്കും.

ആനയ്ക്കു മദപ്പാടില്ല. ശരീരത്തിൽ മുറിവുകളുമില്ലെന്നും ഡോക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്തി. നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം. രാമചന്ദ്രനെ ഒന്നര മണിക്കൂർ നേരം എഴുന്നള്ളിക്കാൻ തങ്ങൾക്കു മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പു കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ ആന ഉടമസ്ഥ സംഘം ആനകളെ പൂരം എഴുന്നള്ളിപ്പിനു വിട്ടുനൽകില്ലെന്ന തീരുമാനം പിൻവലിക്കുന്നതായും വെള്ളിയാഴ്ച അറിയിച്ചിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ശനിയാഴ്ച എഴുന്നള്ളിക്കുന്നുവെങ്കിൽ അതു മണികണ്ഠനാൽ പരിസരത്തു നിന്ന് ആയിരിക്കുമെന്നാണ് ആന ഉടമസ്ഥ സംഘം നൽകുന്ന സൂചന. നെയ്തലക്കാവിലമ്മയുടെ തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിനു നേരത്തെയും മണികണ്ഠനാൽ പരിസരത്തു നിന്നു തുടങ്ങുന്ന തരത്തിൽ എഴുന്നള്ളിപ്പു നടത്തിയിട്ടുണ്ട്.
മണികണ്ഠനാൽ പരിസരത്തു നിന്ന് തുടങ്ങി തെക്കേ ഗോപരു നട തുറന്ന് പുറത്തിറങ്ങുന്നതിന് സർക്കാരിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്നാണ് ആന ഉടമസ്ഥ സംഘം അറിയിച്ചത്. ചടങ്ങിന്റെ മറ്റ് കാര്യങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നെയ്തലക്കാവ് ദേവസ്വം ആണെന്നും അവർക്കു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും ഉടമകൾ പറഞ്ഞു.


