മലപ്പുറം: വണ്ടൂരില്‍ മൂന്നര വയസുകാരിയെ മുത്തശ്ശി പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവത്തില്‍ കേസ് എടുക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്. അത്സമയം, കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ജുവനൈല്‍ പൊലീസിന് വീണ്ടും ഇ-മെയില്‍ അയച്ചു.
കഴിഞ്ഞ ദിവസം പൊലീസിനെ വിമര്‍ശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷന്‍ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പരാതി കിട്ടാതെ കേസ് എടുക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കാളികാവ് പൊലീസ്. ഇതിനെതിരെയാണ് സിഡബ്ല്യുസിയുടെ വിമര്‍ശനം. ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടില്‍ മൂന്നരവയസുകാരിക്ക് ക്രൂരമര്‍ദ്ദനമേറ്റന്ന് വ്യക്തമാണ്. കുട്ടിയെ പട്ടിണിക്കിട്ട് മുത്തശ്ശി നാളുകളായി മര്‍ദ്ദിച്ച കാര്യം നാട്ടുകാരും പൊലീസിനോട് പറഞ്ഞിരുന്നു. സ്വമേധയാ കേസ് എടുക്കാന്‍ കഴിയുമെന്നിരിക്കെ പൊലീസ് അതിന് തയ്യാറാകുന്നില്ല.
ജുവനൈല്‍ നിയമങ്ങളുടെ ലംഘനമാണ് പൊലീസ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം സിഡബ്ല്യുസി വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സിഡബ്ല്യുസി അധ്യക്ഷന്‍ ജുവനൈല്‍ പൊലീസ് വിഭാഗത്തിന് ഇ-മെയില്‍ അയച്ചു. കേസിലെ വിവരങ്ങള്‍ നല്കാന് പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസവും സിഡബ്ല്യുസി പരാതിപ്പെട്ടിരുന്നു.
അതേസമയം, മര്‍ദ്ദനമേറ്റ കുട്ടിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. ശരീരത്തിലെ പരിക്കുകള്‍ ഭേദമാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മര്‍ദ്ദനമേറ്റ കുട്ടിക്ക് പുറമെ മറ്റ് മൂന്ന് കുട്ടികളും അമ്മയും ഇപ്പോള്‍ ചൈല്‍ഡ് ലൈന്റെ സംരക്ഷണ കേന്ദ്രത്തിലാണ്.