കേരള പോലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളവര്‍ 1129 പേരെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. ഇതില്‍ 215 പേരും ജോലി ചെയ്യുന്നത് തിരുവനന്തപുരത്താണെന്നും വിവരാവകാശ രേഖയില്‍ സൂചിപ്പിക്കുന്നു.
2011 ലാണ് കേരളാ പോലീസിലെ ക്രിമിനല്‍ കേസില്‍ പ്രതികളായ ഓഫീസര്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി രൂപീകരിച്ചു.
ഇതിന് ശേഷമാണ് ഈ പട്ടിക പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്കാന് കഴിയില്ല എന്ന നിലപാടാണ് പോലീസ് മുമ്പ് സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.
പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും അധികം ക്രിമിനല്‍ പോലീസുകാര്‍ ജോലിചെയ്യുന്നത് തലസ്ഥാനത്താണ്. ഇവിടെയുള്ള 215 പോലീസുകാര്‍ക്കുമേല്‍ ക്രിമിനല്‍ കേസുകളുണ്ട്. സംസ്ഥാന പോലീസിലെ 10 ഡി.വൈ.എസ്പി.മാരും 46 സി.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. എസ്ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പോലീസുകാരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.
സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദ്ദനം തുടങ്ങിയ കേസുകള്‍ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കായത്. ഇത്തരം കേസുകളില്‍ പെട്ടവരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
പ്രതികളായ പോലീസുകാര്‍ക്കെതിരെ കാര്യമായ വകുപ്പുനടപടികള് ഉണ്ടാകുന്നുമില്ല. ഉന്നതോദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ നടപടികള്‍ നാമമാത്രമായി ഒതുങ്ങുകയാണ് പതിവ്. അതുകൊണ്ടുതന്നെ പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും ഇപ്പോഴും സേനയിലുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.