മുവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. പ്രതിക്ക് ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്. തിങ്കളാഴ്ചയാണ് ജാമ്യം തേടി അനന്തുവിന്റെ അഭിഭാഷകന് കോടതിയെ സമീപിച്ചത്. പാതിവില തട്ടിപ്പുക്കേസില്‍ നിലവില്‍ 34 കേസുകളാണ് അനന്തുവിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തന്റേതെന്നായിരുന്നു അനന്തു കൃഷ്ണന്റെ വാദം. മൂവാറ്റുപുഴ പൊലീസ് പറയുന്നത് പോലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്നും അനന്തു കൃഷ്ണന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രതിക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കോടികളുടെ ഇടപാട് നടന്ന വലിയ തട്ടിപ്പ് ആണിതെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു.
പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നാണ് കോടതിയുടെ മറ്റൊരു നിരീക്ഷണം. ഇതിനുപുറമെ, ഇയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാരണള് പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. അതേസമയം, നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ള കേസുകളില്‍ പോലീസ് തന്നെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യുപ്പെട്ടിട്ടില്ലെന്ന് അനന്തു കോടതിയെ അറിയിച്ചെങ്കിലും, അത് ജാമ്യം നല്‍കുന്നതിനുള്ള കാരണമല്ലെന്നാണ് കോടതി പറഞ്ഞത്.
പാതിവില തട്ടിപ്പ് കേസിലെ അന്വേഷണം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡി.ജി.പി. ഉത്തരവിട്ടത്. എറണാകുളം 11 കേസുകള്‍, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകള്‍. ഇവ പോലീസ് സ്റ്റേഷനുകളില്‍ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തവയാണ്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിര്‍ദേശവും ഡിജിപിയുടെ ഉത്തരവിലുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഡിജിപിയുടെ ഉത്തരവ്.
കേസിലെ ഒന്നാം പ്രതി സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാറും രണ്ടാം പ്രതി നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണനുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെ മൂന്നാംപ്രതിയാക്കിയിരുന്നു. ആനന്ദകുമാര്‍ ഒളിവിലാണെന്നാണ് സൂചന.


