കൊച്ചി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിന് പിന്നാലെ നരേന്ദ്രമോഡിയേയും ബിജെപിയേയും ട്രോളി അധ്യാപികയും എഴുത്ത് കാരിയുമായ ദീപാ നിശാന്ത്. “ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്ഹിക്കാര് ഏറ്റെടുത്ത് വിജയിപ്പിച്ചു!” എന്നാണ് ദീപയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോഡി ചൂലുമായി നില്ക്കുന്ന ഒരു ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചു.
70 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. 48 സീറ്റുകള്‍ നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപി ഏഴു സീറ്റുകളിലേക്ക് ചുരുങ്ങി.
ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ മനീഷ് സിസോദിയ പട്പപര്ഗഞ്ചില് നിന്നും അതിഷി മര്‍ലേന കല്‍കാജി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2015നെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തി., 2015ല്‍ ആം ആദ്മി പാര്‍ട്ടി 67ഉം ബിജെപി മൂന്ന് സീറ്റുമാണ് നേടിയിരുന്നത്. കോണ്‍ഗ്രസ് ഇത്തവണയും ഒരു സാന്നിധ്യവും അറിയിക്കാതെ പരാജയപ്പെടുകയായിരുന്നു.


