തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സർക്കാർ തീരുമാനം അറിഞ്ഞ ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. സാമ്പത്തിക തിരിമറി ബാലു അറിഞ്ഞതുകൊണ്ടാവാം കൊലപ്പെടുത്തിയതെന്ന സംശയം അദ്ദേഹത്തിന്റെ അച്ഛൻ കെസി ഉണ്ണി വീണ്ടും ഉന്നയിച്ചു.
“ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്നു. കൂടെയുണ്ടായിരുന്ന രണ്ട് മൂന്ന് മാനേജര്‍മാര്‍ വലിയ വലിയ കേസുകളിൽ പ്രതികളായിരുന്നു. അവര്‍ നടത്തിയ സാമ്പത്തിക തിരിമറി ബാലു അറിഞ്ഞത് കൊണ്ട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാവാം,” അദ്ദേഹം പറഞ്ഞു.
“ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ അത്ര തൃപ്തി തോന്നിയില്ല. അവര്‍ നമ്മള് പറഞ്ഞ കാര്യങ്ങൾക്ക് വേണ്ട പ്രാധാന്യം കൊടുത്തില്ല. എല്ലാം നഷ്ടപ്പെട്ടാൽ ദൈവത്തെയല്ലേ വിളിക്കുക? അത് പോലെ ഇവിടെ കുറ്റാന്വേഷണത്തിൽ സിബിഐയെക്കാൾ വലിയ ഏജൻസി വേറെയില്ലല്ലോ. നടന്ന അപകടമല്ല, മനപ്പൂർവ്വമുണ്ടാക്കിയ അപകടമാണെന്ന് തോന്നി. ഒരുപാട് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. എല്ലാം സിബിഐ അന്വേഷിക്കുമെന്നാണ് കരുതുന്നത്,” അദ്ദേഹം പറഞ്ഞു.


