സംസ്ഥാനത്തെ തെരുവുനായ വന്ധ്യംകരണ പദ്ധതി പരാജയമെന്നതിന് ഉദാഹരണം കോഴിക്കോടും. വന്ധ്യംകരണം നടത്തിയതിന്റെ അടയാളമുള്ള തെരുവുനായ പ്രസവിച്ചു. ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതി ഫലപ്രദമല്ലെന്ന പരാതി തുടക്കത്തിലെ ശക്തമാണ്. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലും പരിസരത്തുമായി തമ്പടിച്ചിട്ടുള്ള തെരുവ് നായയാണ് പ്രസവിച്ചത്. വന്ധ്യംകരിച്ചു എന്നതിന്റെ അടയാളമായി ചെവി ‘വി’ ആകൃതിയില്‍ മുറിച്ചിരിക്കുന്നത് വ്യക്തമായി കാണാം.
നായവന്ധ്യ കരണത്തിന്റ മറവില്‍ പ്രതിവര്‍ഷം ചെലവിടുന്നത് കോടികളാണ്. എന്നാല്‍ പദ്ധതി പരാജയമാണെന്ന് വ്യാപക ആരോപണം ശക്തമാണ്.
വന്ധ്യംകരണം നടത്തപ്പെട്ട അടയാളമുള്ള തെരുവ് നായ സുഖപ്രസവത്തിലൂടെ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് കുറച്ചുനാള്‍ മുന്‍പ് കൊല്ലത്താണ്. വന്ധ്യംകരണം നടത്താതെ നായയെ തെരുവില്‍ തിരിച്ചു വിടുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സംഭവം ഇതുപോലെയാകാമെന്നും സംശയമുണ്ട്. അല്ലെങ്കില്‍ വന്ധ്യകരണ പ്രക്രിയ വിജയിച്ചിട്ടുണ്ടാകില്ല. സമാന സംഭവങ്ങള്‍ വ്യാപകമാണെന്ന ആരോപണം ശക്തമാണ്.
സംസ്ഥാനത്ത് കോടികള്‍ മുടക്കി നടപ്പിലാക്കിയ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതി പാളി എന്ന് വ്യക്തമായിട്ടും പരിഹാര ഇടപെടല്‍ ഉണ്ടായിട്ടില്ല. എബിസി പദ്ധതിയുടെ ഉത്തരവാദിത്തം തദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. നടത്തിപ്പ് മൃഗസംരക്ഷണ വകുപ്പിനും. പക്ഷെ പദ്ധതി പരാജയത്തില്‍ പരസ്പരം പഴിചാരി ഒഴിയുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍


