വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ നേരത്തെ പ്രഖ്യാപിച്ച രാജി തീരുമാനത്തില്‍ നിന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്മാറി. പ്രഖ്യാപിച്ച മുഴുവന്‍ ശമ്പളവും കൊടുക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നു മാസത്തേക്ക് നിയമിച്ച ഇവരുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് കാലാവധി കഴിയുന്നവര്‍ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തിലാണ് ഹൗസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങിയവരെ കൊവിഡ് ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിലേക്കു അടക്കം മൂന്ന് മാസത്തേക്ക് നിയമിച്ചത്. എന്നാല്‍ ശമ്പളം കിട്ടാതായതോടെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് താല്കാലിക മെഡിക്കല്‍ ഓഫിസര്‍ എന്ന തസ്തിക നിര്‍ണയിച്ച് 42000 രൂപ ശമ്പളവും പ്രഖ്യാപിച്ചു. എന്നാല്‍ സ്പാര്ക് വഴി ശമ്പളം എത്തിയപ്പോള്‍ സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി ആറ് ദിവസത്തെ ശമ്പളം പിടിച്ചു . ആദായ നികുതി കൂടി പിടിച്ചു കഴിയുമ്പോള്‍ 27000 രൂപയാണ് ഇവര്‍ക്ക് കിട്ടിയത്. ഇതോടെ പ്രതിഷേധം ശക്തമായി. സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കി മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കൂട്ടരാജി എന്ന നിലപാടെടുത്തു ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെയാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.
ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സാലറി കട്ട് വന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം. 868 ഡോക്ടര്‍മാര്‍ക്കും നേരത്തെ പ്രഖ്യാപിച്ച 42000 രൂപ വീതം മൂന്ന് മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇവരുടെ കാലാവധി നീട്ടില്ല, പക്ഷെ ജോലിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കൊവിഡ് ബ്രിഗേഡില്‍ ചേരാമെന്നും മന്ത്രി പറഞ്ഞിരുന്നു.
മൂന്ന് മാസത്തേക്ക് നിയമിതരായ ഇവരുടെ കാലാവധി ഒക്ടോബറോടെ അവസാനിക്കും. ഇത് ദീര്‍ഘിപ്പിക്കില്ല. ജോലിയില്‍ തുടരണണെന്നുള്ളവര്‍ക്ക് കൊവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത് സേവനം തുടരാം. പ്രഖ്യാപിച്ച ശമ്പളം വെട്ടിക്കുറയ്ക്കാതെ മുഴുവന്‍ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


