ഇടുക്കി : രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതിപദ്ധതിയായ ഇടുക്കി പദ്ധതി ചരിത്ര നാഴികക്കല്ലിലേക്കടുക്കുന്നു. മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള വൈദ്യുതോദ്പാദനം 95000 ദശലക്ഷം യൂണിറ്റിലേക്ക് എത്തുന്നതോടെയാണിത്. 1976 ഫെബ്രുവരി 16-ന് പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുതപദ്ധതിയില്നിന്നു 42 വര്‍ഷം കൊണ്ടാണീ നേട്ടം കൈവരിച്ചത്. കഴിഞ്ഞദിവസം വരെയുള്ള കണക്ക് പ്രകാരം 94986.605 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെനിന്ന് ഉത്പാദിപ്പിച്ചത്.
ഇടുക്കി അണക്കെട്ടില്‍നിന്നു 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണിമലയുടെ താഴ്വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവര്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഒരുമിച്ചുള്ള ഇടുക്കി ജലസംഭരണിയാണ് ഊര്‍ജോത്പാദനത്തിന്റെ സ്രോതസ്സ്. സംഭരണിയില്‍നിന്നുള്ള വെള്ളം കുളമാവ് ഡാമില്‍ സ്ഥാപിച്ച ബട്ടര്‍ഫ്ളൈ വാല്‍വ് വഴിയാണ് പവര്‍ഹൗസിലെത്തിക്കുന്നത്. ഇതിനായി കുളമാവില്‍നിന്ന് 1.5 കിലോമീറ്റര്‍ ദൂരം പാറ തുരന്നിട്ടുണ്ട്. ടണലുകള്‍ ഉപയോഗിക്കാത്ത നിര്‍മാണത്തില്‍ പാറപൊട്ടിച്ച് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചാണ് തുരങ്ക ജലപാത നിര്‍മിച്ചിരിക്കുന്നത്.മൂന്ന് വീതം ജനറേറ്റുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് രണ്ട് തവണ സമാന്തരമായി പാറ തുരന്നിട്ടുണ്ട്. ഭൂമിക്കടിയിലൂടെയെത്തുന്ന വെള്ളം ഏകദേശം 669.2 മീറ്റര്‍ (2195 അടി) ഉയരത്തില്‍നിന്നു ആറ് ടര്‍ബൈനുകളിലേക്കു വീഴിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാല്‍ 10 മുതല്‍ 12 വരെ ദശലക്ഷം യൂണിറ്റ് വരെയുള്ള വൈദ്യുതിയാണിവിടെ പരമാവധി ഉത്പാദിപ്പിക്കുന്നത്. ആവശ്യകത അനുസരിച്ച് മൂലമറ്റം പവര്‍ഹൗസിലെ ഉത്പാദനം ക്രമീകരിക്കും.