എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന് ജയറാമിന് ഇഡി നോട്ടീസ്. അടുത്ത ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കേസില്‍ ജയറാമിനെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു.
കേസിൽ കൂടുതൽ പേർക്ക് ഇഡി നോട്ടീസ് അയക്കും. നേരത്തെ മുരാരി ബാബുവിനെയും ശ്രീകുമാറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി പട്ടികയിലുള്ള ജയറാമിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. സ്വർണ്ണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. പിഎംഎൽഎ ആക്ട് പ്രകാരമാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ നിന്നുള്ള സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തുകൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്പവുമാണ് ഉണ്ണികൃഷ്ണന് പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തത്. നടന് ജയറാം, ഗായകന് വീരമണി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. 2019ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയില്‍ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും അയ്യന്റെ മുതല്‍ കട്ടിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും ജയറാം അന്ന് പറഞ്ഞിരുന്നു.സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായി കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു.


