പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധവും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതടക്കമാണ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ടുപേര്ക്കാണ് ഇഡി നോട്ടീസ് അയച്ചത്.ഇതില്‍ മൂന്നുപേര്‍ മാത്രമാണ് എസ്ഐടി പ്രതിപ്പട്ടികയിലുള്ളത്.ബാക്കിയെല്ലാവരും ഉണ്ണികൃഷ്ണന് പോറ്റിയുമായോ മറ്റ് പ്രതികളുമായോ ബന്ധമുള്ളവരാണ്. പോറ്റിയുമായി ബന്ധപ്പെട്ടാണ് ഇഡി ജയറാമിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ നേരത്തെ ജയറാമിനെ എസ്ഐടി ചോദ്യംചെയ്തിരുന്നു . ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പിൽ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്ഐടിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയിട്ടുണ്ട്.
ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവുമാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തത്. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.


