കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കലിതുള്ളി കാലവര്‍ഷം. ഇന്ന് 29 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന് ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.


