തിരുവനന്തപുരം: ലെെംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ചർച്ചയായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ നിലവില്‍ എംഎല്‍എയാണെന്നും അയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അങ്ങനൊരാള് വേദിയില്‍ വന്നാല്‍ ഇറക്കി വിടുന്നത് തങ്ങളുടെ മര്യാദയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല. കുറ്റക്കാരൻ ആണെങ്കിൽ വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.


