നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്കി. പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്‍ശം. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തിനാണ് നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. അവരുടെ കൂട്ടത്തിലുള്ള വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്ന കാഴ്ച കണ്ടല്ലോ. സാധാരണ നിലയ്ക്ക് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടി വച്ച പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയ തോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്ക്കും അറിയാം – മുഖ്യമന്ത്രി പറഞ്ഞു.