ബംഗളൂരു: കേരളത്തിലേക്ക് വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് (അംബാരി ഡ്രീം ക്ലാസ്) സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കാണ് സര്‍വീസ്. നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാത്രി 9.32ന് ബംഗളൂരു ശാന്തി നഗറില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.47ന് എറണാകുളത്തെത്തും. തിരിച്ച് രാത്രി 9.01ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.16ന് ബംഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സര്‍വീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്.
കര്‍ണാടക ആര്‍ടിസിയുടെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായിട്ടാണ് കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഉടന്‍ തന്നെ കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കും വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ ബസുകളുടെ ചൂഷണത്തിന് ഇരയാകാതെ മികച്ച സൗകര്യത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് കര്‍ണാടക ആര്‍ടിസി ഒരുക്കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നത് മലയാളികള്‍ക്ക് പ്രതീക്ഷ നല്കുന്നു.


