മലപ്പുറം: തട്ടിക്കൊണ്ടു പോയ വ്യവസായിയെ പൊലീസ് കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നു. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വിപി മുഹമ്മദലിയെ ആണ് കണ്ടെത്തിയത്. ഇയാളെ തോക്ക് ചൂണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയിരുന്നത്. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നത്.
ഇന്നലെ വൈകീട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.


