തിരുവനന്തപുരം: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ഡോ. ഷഹനയുടെ മരണത്തില്‍ ഷഹനയുടെ സുഹൃത്ത് ഡോ. റുവൈസിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമ വകുപ്പും ചേര്‍ത്തിട്ടുണ്ട്.
ഡോക്ടര്‍ ഷഹനയും ഡോക്ടര്‍ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ 50 പവന് പോരെന്ന നിലപാടാണ് റുവൈസിന്റെ വീട്ടുകാര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ഷഹനയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയില്‍ നിന്ന് അകന്നു എന്നും വീട്ടുകാര്‍ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളര്‍ത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനില്‍ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് മൊഴി നല്‍കിയിരുന്നു.
അനുജത്തിക്ക് റുവൈസിനെ അത്രമേല്‍ ഇഷ്ടം ആയിരുന്നുവെന്ന് സഹോദരന് ജാസിം പറഞ്ഞു. റുവൈസിന്റെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചിരുന്നു. റുവൈസിന്റെ അച്ഛന് കൂടുതല്‍ സ്ത്രീധനം ചോദിച്ചുവെങ്കിലും അത് പറ്റില്ല എന്ന് പറഞ്ഞു, ഇതോടെ റുവൈസ് ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സഹോദരന് പറയുന്നു.
റുവൈസും ഷഹനയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. വാപ്പ പറയുന്നതിന് അപ്പുറം തനിക്ക് ഒന്നും ചെയ്യാന്‍ ഇല്ല എന്ന് റുവൈസ് ഷഹനയോട് പറഞ്ഞു. റുവൈസ് പിന്മാറിയതോടെ ഷഹന മാനസികമായി തകര്‍ന്നു. റുവൈസ് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും കുടുംബത്തിന് താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയുടെ സഹോദരന് പറഞ്ഞു.


