ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം.
അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കും. നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികൾ വിശദീകരിച്ച് തൽസ്ഥിതി റിപ്പോർട്ട് 8 ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണം. നായകൾ പ്രവേശിക്കാതിരിക്കാൻ വേണ്ടിയുള്ള ഫെൻസിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.


