കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടി ഇന്ന്. കുവൈത്ത് സമയം ഉച്ചക്ക് 2:30 ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. ചടങ്ങിൽ പ്രവാസി മലയാളികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. സന്ദർശനത്തിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് മുഖ്യമന്ത്രി കുവൈത്തിൽ എത്തിയത്. ഇന്ത്യൻ എംബസി അധികൃതരും വിവിധ സംഘടനാ നേതാക്കളും പൗരപ്രമുഖരും ചേർന്നാണ് സ്വീകരിച്ചത്. 28 വർഷത്തിനു ശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. മുഖ്യമന്ത്രിയോടൊപ്പം കേരള സാംസ്കാരിക മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഐഎഎസും രാജ്യത്ത് എത്തിയിട്ടുണ്ട്.


