സംസ്ഥാന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ. പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയപ്പോൾ ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചത് പ്രതിപക്ഷ അംഗങ്ങളെ കുപിതരാക്കി. പിന്നാലെ ചോദ്യോത്തര വേള ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടു.
നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയിരുന്നു. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ വി ഡി സതീശന് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. നേതാക്കള്‍ തിരികെ സീറ്റില്‍ പോയി ഇരിക്കണമെന്നും ആരാണ് പ്രതിപക്ഷ നേതാവ് എന്നുമായിരുന്നു സ്പീക്കറുടെ ചോദ്യം.
അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കർ പറഞ്ഞു.
എന്നാൽ പ്രതിപക്ഷം പിന്മാറാൻ തയ്യാറായില്ല. സ്പീക്കർക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.


