കല്‍പ്പറ്റ: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് സഹോദരങ്ങളായ സി.പി റഷീദും ജിഷാദും. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മൃതദേഹം വിട്ടുതരണമെന്നും സഹോദരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാത്രി മുതല്‍ രാവിലെവരെ വെടിവെപ്പ് നടന്നതായതാണ് പോലീസ് പറയുന്നത്. പോലീസ് പറയുന്നത് മാത്രമാണ് പുറത്തുവരുന്നത്. വെടിയേറ്റപ്പോള്‍ ആശുപത്രിയില്‍ പോലും കൊണ്ടുപോയിട്ടില്ല. ഉച്ചയോടുകൂടി മാത്രമാണ് മൃതദേഹം കാണാന്‍ പോലും അനുവദിച്ചത്. പോലീസുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റഷീദ് പറഞ്ഞു.
രാജ്യത്തെ മാവോവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് പൊതുസ്വഭാവമുണ്ട്. മണിപ്പൂരിലായാലും ബസ്തറിലായാലും നമ്മള് കേള്‍ക്കുന്നത് ഇതുപോലുള്ള കഥകളാണ്. മാവോവാദികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടുമായി സായുധ ഏറ്റുമുട്ടലാണ് നടന്നതെങ്കില്‍ എന്തുകൊണ്ട് ഒരു പോലീസുകാരന് പോലും പരിക്കേറ്റില്ലെന്നും സഹോദരന് സി.പി. റഷീദ് ചോദിച്ചു.
വൈത്തിരിയിലെ സംഭവ സ്ഥലത്ത് നിരവധി മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുണ്ടായിരുന്നു. മാവോവാദി സാന്നിധ്യം അവര്‍ നേരത്തേ അറിഞ്ഞതാണ്. വെടിവെച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സി.പി റഷീദ് പറഞ്ഞു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട സി.പി. ജലീല്‍. റിസോര്‍ട്ടിനുള്ളിലെ മീന്‍ കുളത്തോടു ചേര്‍ന്നു കമിഴ്ന്ന് കിടക്കുന്ന നിലയിലാണു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോകും. 2014 ന് ശേഷം ജലീല്‍ വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് കുടുംബാംഗങ്ങളും പോലീസും പറയുന്നത്.

